കൽഗ - Kalga the apple village


കൊഴിഞ്ഞുവീണ  ആപ്പിൾ പൂക്കളെ ചവിട്ടിനോവിക്കാതെ  ഞങ്ങൾക്ക് മുന്പോട്ടുപോകുവാനാകുമായിരുന്നില്ല. എനിക്കുമുൻപേ നടന്നവർ കഴുതപുല്ലുകളെ വകഞ്ഞുമാറ്റി നിർമിച്ച ഒറ്റയടിപാതയിലൂടെ നടക്കുമ്പോൾ, ഞങ്ങൾ കിതക്കുകയായിരുന്നു. 


ബർഷിണിയിൽനിന്നു പാർവതി നദിക്കുകുറുകെ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒരു ഡാം കടന്നുവേണം കൽഗയിലേക്കെത്താൻ. ഡാം കഴിയുന്നതോടെ കുത്തനെ ഒരു കയറ്റമാണ്, തലേദിവസം പെയ്തമഴയിൽ ഒലിച്ചിറങ്ങിയ ചെളി ഞങ്ങളെ മറിച്ചിടാൻ ശ്രമിക്കുണ്ടായിരുന്നു. യാത്രയുടെ കലണ്ടറിൽ ഇനിയും ഒരുപാടു ദിവസങ്ങൾ ബാക്കിയുള്ളതിനാൽ ധിറുതിയില്ല ഇടക്കിരുന്നും കഥപറഞ്ഞുമൊക്കെയായിരുന്നു കയറ്റം, അറിയാത്ത ഹിന്ദിഭാഷയിൽ ഒരു സ്ത്രീശബ്ദം കേട്ട് തിരിഞ്ഞുനോക്കിയപ്പോൾ ഒരു സുന്ദരി, നെറ്റിയിൽകൂടി ഒരു വള്ളി പുറകോട്ട്‌കെട്ടിയിട്ടിരിക്കുന്നു അവർ നടന്നു കയറിയപ്പോളാണ് വള്ളിയുടെ മറ്റേ അറ്റത്തു ഒരു ഗ്യാസ്കുറ്റി. അതിജീവനത്തിന്റെ മലകയറ്റം  ഞങ്ങളുടെ ആഹ്ലാദത്തിന്റെ മലകയറ്റത്തിനെ പിന്നിലാക്കി കടന്നുപോയി.


ഒരുകുന്നിനുമുകളിൽ നിരപ്പായ ഒരു പ്രദേശം, പൂത്തുലഞ്ഞുനിൽകുന്ന ആപ്പിൾ മരങ്ങൾ, കൊയ്ത്തുകഴിഞ്ഞ പാടങ്ങൾ, തടികൊണ്ട് നിർമിച്ച ചില വലിയവീടുകൾ, പാറപാളികൾ സമാന്തരമായി അടുക്കിവച്ചു നിർമിച്ച ചെറിയ വീടുകൾ, വീതികൂടിയ മരങ്ങളുടെ ശാഖകളിൽ കച്ചി കെട്ടുകൾ അടുക്കിവച്ചിട്ടുണ്ട്, ഇവിടെ വീതികൂടിയ വഴികളില്ല വാഹനങ്ങളില്ല ഒരു സൈക്കിൾ പോലുമില്ല. പുതിയതലമുറയിലെ ചില ചെറുപ്പക്കാർ സ്വന്തം വീടുകൾ കഫെകളോ ഹോംസ്റ്റേയ്ക്കലോ ആക്കിമാറ്റിയിരിക്കുന്നു, അവിടെനിന്നുയരുന്ന പാശ്ചാത്യ ചുവയുള്ള ഗാനങ്ങൾ  ഇ സുന്ദര ദൃശ്യങ്ങൾക്ക് പശ്ചാത്തലമായി കാറ്റിനൊപ്പം ഒഴുകിനടക്കുന്നു.


ഇസ്മായിൽ ഭായിയെ തിരക്കിയാണ് ഞങ്ങൾ ഇ ഗ്രാമത്തിൽ ചുറ്റിത്തിരിയുന്നത്, മലയാളിയായ ഇദ്ദേഹത്തിന്റെ വീട്ടിൽ താമസിക്കാം എന്നാണ് പ്രതിഷിക്കുന്നത്. മുറിഹിന്ദിയിൽ പലരോടും അന്വേഷിച്ചകിലും ത്യപ്തികരമായ ഒരു ഉത്തരാവും  കിട്ടിയില്ല. കൂടിപ്പോയാൽ അറുപതോ എഴുപതോ വീടുകൾ മാത്രമുള്ള ഇ ഗ്രാമത്തിൽ ഒരാളെ കണ്ടെത്തുക അത്രവലിയ കാര്യമല്ലാത്തതുകൊണ്ടു അന്വേഷണം തുടർന്നു. വല്യ ഒരുമരത്തിനും അതിനോടുചേർന്നുള്ള വീടിനുമപ്പുറത്തുനിന്നു മലയാളത്തിലുള്ള ചിരികളും സംസാരവും ഉയർന്നു കേട്ടു , അവസാനം ലക്ഷത്തിലെത്തിയിരിക്കുന്നു. തടിയും പാറയും കൊണ്ട് നിർമിച്ചിരിക്കുന്ന വീടിന്റെ രണ്ടാമത്തെ നിലയിൽ തോളിലെ ഭാണ്ഡം ഇറക്കിവച്ചു, പഞ്ഞിമെത്തയിലേക്കു മലർന്നു കിടന്നു.


അന്തരീക്ഷം തണുത്തു തുടങ്ങിയിരിക്കുന്നു ഞങ്ങൾ ഒന്ന് നടക്കാനിറങ്ങി അതിർത്തികൾ തിരിക്കുന്ന മതിലുകളോ വേലികളോ ഇല്ലാത്തതുകൊണ്ട് ആരുടെയൊക്കെയോ തോട്ടങ്ങളിലൂടെ അലഞ്ഞുനടന്നു, ആപ്പിൾ മരങ്ങൾക്കു താഴെ ഉയർന്നു നിന്ന പാറകളിൽ ചാരിയിരുന്നപ്പോളേക്കും പ്രകൃതി മഞ്ഞകലർന്ന ചുകപ്പുനിറത്തിൽ വെട്ടിത്തിളങ്ങി, അധികം താമസിക്കാതെ  മഞ്ഞണിഞ്ഞ പർവത ശിഖരങ്ങ്ൾക്കപ്പുറത്തേക്ക്  സൂര്യൻ മറഞ്ഞു. അന്നത്തേ പണിയവസാനിപ്പിച്ചു മമ്മട്ടിയും കയ്യിൽ സഞ്ചിയുമായി ചിലർ ഞങ്ങളെ കടന്നു പോയി.


തണുപ്പ് അസഹിനിയാമായി തുടങ്ങിയപ്പോൾ തിരികെ നടന്നു, ഒരുപാടു പേരുണ്ട് ആ  വീട്ടിൽ കുറച്ചുപേരെയൊക്കെ പരിജയെപ്പെട്ടു, ഇസ്മായിൽ ഭായി ആരാണെന്നു ചോദിച്ചതുമില്ല എല്ലാവരും സ്വെന്തം വീടുപോലെ പെരുമാറുന്നു. അവിടെയിവിടെ കിടന്ന തടികഷ്ണങ്ങൾ ക്കൂടി ഞങ്ങൾ തീയിട്ടു അതിനുചുറ്റും കസേരകൾ നിരന്നു, ഒരു മലയാളി കൂട്ടായ്മ - സൗഹൃദങ്ങൾ ആളിപടർന്നു. സ്വന്തം നാട്ടിൽനിന്നും കിലോമീറ്ററുകൾ അകലെ , സമുദ്രനിരപ്പിൽ എണ്ണായിരത്തോളം അടിഉയരത്തിൽ കുറെ മനുഷ്യർ 
പല ലക്ഷ്യങ്ങൾ, പല കർമധാരകൾ പക്ഷെ അതെല്ലാം മറന്നു ഹിമവാന്റെ മടിയിൽ ഇ നിത്യശാന്തതയിൽ എല്ലാവരെയും ഒരുമിപ്പിക്കുന്ന യാദൃച്ഛികത്വം ജീവിതത്തോടുള്ള കാഴ്ചപ്പാടാണ്. സൗഹൃദത്തിന്റെയും  ഉന്മാദത്തിന്റെയും ആ നീണ്ട രാവവസാനിച്ചത് വളരെ വൈകിയാണ്.


നല്ലതണുപ്പുണ്ടെകിലും നേരുത്തെ എണിറ്റു, എല്ലാവരും ഉറക്കമാണ്, ഒരു കട്ടന്ചായക്കുവേണ്ടി ശരീരം കൊതിച്ചു, അടുക്കള തുറന്നു കിടക്കുകയാണ്, വീടിനു മുന്നിലൂടെ ഒഴുകുന്ന അരുവിയൊരു ചേർന്നിരുന്നു പാത്രം കഴുകി, മലമുകളിൽനിന്നും വരുന്ന വെള്ളം വേറൊരു കുഴൽ വഴി അരുവിയിലേക് ഒഴുക്കുണ്ട് അതിൽനിന്നും വെള്ളംനിറച്ചു. സൂര്യപ്രകാശം ചാഞ്ഞുനിൽക്കുന്ന മരത്തിന്റെ ഇലകളിലൂടെ എനിക്കരികിലേക് പതിക്കുണ്ട് കട്ടന്ചായയുടെ ആവി ആ പ്രകാശരശ്മികളിൽ ചിത്രങ്ങൾ സൃഷ്ടിച്ചു.ഇ ശാന്തതയിൽ മലമടുക്കുകളിലേക്കു ശക്‌തിയിൽ പാഞ്ഞുപോകുന്ന കാറ്റിന്റെ  സംഗീതം എനിക്കുകേൾകാം, അതിന്നു പല്ലവിപാടുന്ന പേരറിയാത്ത പക്ഷികൾ,  അരുവിയുടെ പതിഞ്ഞ ചിലുചിലരവം. ആപ്പിൾ മരങ്ങളുടെ തലപ്പത്തു ചെറിയ മഞ്ഞു മേഘങ്ങൾ കുടപിടിച്ചു നിന്നു.ഡയറി എടുത്തു എന്തൊക്കെയോ വട്ടു കുറിച്ചുകൊണ്ടിരിന്നു. 


ഇന്ന്  കൽഗ ഗ്രാമം ചുറ്റിക്കണ്ടു ചിലരൊയൊക്കെ പരിചയപെട്ടു മനോഹരമായ കഫെകളിൽനിന്നു കുറെ കോഫീ കുടിച്ചു. കൽഗയെക്കുറിച്ചു കഥ പറയുമ്പോൾ ചമൻലാലിനെ കുറിച്ച് പറയാതെപോയാൽ ഒരു അപൂര്ണതയാകും, ഇ ഗ്രാമത്തിന്റെ വർത്തമാനകാലദിനങ്ങൾ  ചമൻലാൽ എന്നപേര് നൂറുതവണ ഉച്ചരിക്കാതെ കടന്നുപോകില്ല, ഒരാളോട് ഒരു വഴി ചോദിച്ചാൽ ചമൻലാലിന്റെ കടയുടെ മുന്നിലൂടെ ഇടത്തോട്ട് അല്ലെകിൽ ചമൻലാലിന്റെ കടയുടെ  താഴെക്കൂടെ വലത്തോട്ട് എന്നിങ്ങനെ ചമൻലാലാണ് ഇ നാടിന്റെ ലാൻഡ്മാർക്. നിങ്ങൾക്ക് ഇ നാട്ടുകാർക് അവശയമുള്ളതെല്ലാം ഇദ്ദേഹത്തിന്റെ കടയിലുണ്ട്  അരി മുതൽ ബ്രാണ്ടി വരെ പക്ഷെ ഒരേഒരു കുഴപ്പം ഇദ്ദേഹത്തിന് നിങ്ങളെ ഇഷ്ടപെട്ടില്ലെകിൽ അല്ലെകിൽ അദ്ദേഹത്തിന്റെ മൂഡ് ശരിയല്ലെകിൽ നിങ്ങള്ക്ക് ആ കടയിൽനിന്നും ഒന്നും മേടിക്കാൻ കഴിയില്ല, കാരണം ഇ നാട്ടിലെ ഒരേ ഒരു മുതലാളിയാണ് ചമൻലാൽ, ഞാൻ അരമണിക്കൂറുകളോളം കാത്തുനിന്നെകിലും അദ്ദേഹത്തിന് എന്നെ ബോധിച്ചില്ല, നിരാശനായി ഞാൻ വീട്ടിലേക്കു മടങ്ങി. ഓരോ നാട്ടിലും അവരവരുടെ തനതായ ഒരു മദ്യം ഉണ്ടാകും കൽഗക്കും ഇങ്ങനെ ഒരു പാനീയമുണ്ട് റെക്സി അല്ലെകിൽ കൽഗവാട്ടർ, രാത്രിയിൽ ഗ്രാമപ്രാന്തത്തിൽ ഒരു വീട്ടിൽപോയി ഞങ്ങളും ഇത്‌സേവിച്ചു ഉന്മാദചിത്തരായി ചർച്ചകളുടെയും സംവാദങ്ങളുടെയും ഒരു നീണ്ടരാത്രികൂടി. രണ്ടുദിവസംകൊണ്ടുതന്നെ അവിടെയുള്ളവരുമായുള്ള ബന്ധം അഗാധമായി.


ഏതൊരു യാത്രയുടെയും അവസാനഘട്ടമായ ശോകമൂകമായ വിടപറച്ചിലിനു  സമയമായി, രണ്ടുദിവസത്തെ ശാന്തിയുടെയും സമാധാത്തിന്റെയും, നല്ല ആഹാരത്തിന്റെയും ആദ്ധിത്യത്തിനു ഇസ്മായിൽ ഭായിയോട് നന്ദി പറഞ്ഞു " ഈ നാട്ടിൽ ആദ്യമാഎത്തി താമസമാക്കിയ നിങ്ങളെസമ്മതിച്ചിരിക്കുന്നു" 

"ബ്രോ ഞാൻ മാത്രാമല്ല കുറച്ചപ്പുറത്തു ഇസ്മായിൽ എന്നൊരാൾ പണ്ടുമുതലിവിടെയുണ്ട് !!! "

തിരിച്ചു നടക്കുമ്പോൾ ഫോണിൽ ഇസ്മായിൽ എന്ന പേരുമാറ്റി കിരൺ എന്നാക്കി 

വെളുത്ത ആപ്പിൾ പൂക്കൾ പറക്കുന്ന നനുത്ത കാറ്റായി കൽഗ ഇന്നും ഓര്മകളിലുണ്ട്   

Comments